വേനല്‍ക്കാലമാകുമ്പോള്‍ കോണ്‍ക്രീറ്റ്കെട്ടിടങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാകും. ഈ അവസരത്തില്‍ നമുക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഫാനുകളാണ്. അതു പോലെ തേനീച്ചകള്‍ക്കും ഒരു ഫാനുണ്ട്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.
വേനല്‍ക്കാലമാകുമ്പോള്‍ തേനീച്ചക്കൂട്ടിലും ചൂട് വര്‍ദ്ധിക്കും. ചൂട് കൂടിയാല്‍ തേനും കൂടുമെല്ലാം ഉരുകിപ്പോയെന്ന് വരാം. തേനീച്ചകളും ആ അവസരത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചാണ് ചൂട് നിയന്ത്രിക്കുന്നത്. സ്വന്തം ശരീരം തന്നെയാണ് തേനീച്ചകള്‍ താല്ക്കാലിക ആവശ്യത്തിലേക്ക് ഫാന്‍ ആയി രൂപാന്തരപ്പെടുത്തുന്നത്. കൂടിന് പുറത്ത് വാതിലിന് അടുത്തായി ഒരു കൂട്ടം തേനീച്ചകള്‍ അതിവേഗത്തില്‍ ചിറകടിക്കാന്‍ തുടങ്ങും. അതേ സമയത്ത് മറ്റൊരു കൂട്ടം തേനീച്ചകള്‍ കൂടിനകത്ത് നിന്നും ഇതേ പ്രവൃത്തി ചെയ്യുന്നു. ഒരു സെക്കന്റില്‍ 200 - 400 തവണയാണ് തേനീച്ച ചിറകടിക്കുക. ചിറകടിയുടെ ശക്തികൊണ്ട് കൂടിനകത്തുള്ള ചൂട് വായു പുറത്തേക്ക് പ്രവഹിക്കുന്നു. പുറത്തുള്ള തണുത്തവായു അകത്തെത്തുകയും ചെയ്യും. ഇങ്ങനെയാണ് തേനീച്ച തന്റെ കൂടിനകത്തെ ചൂട് നിയന്ത്രിക്കുന്നത്.