സര്‍ക്കാര്‍ കൊള്ളക്കാരെ നിയമിക്കുക. കൊള്ളയടിക്കുവാന്‍ ലൈസന്‍സും നല്‍കുക. അത്ഭുതം തോന്നുന്നോ ?. ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി സ്‌പെയിനിന്റെ കപ്പലുകള്‍ കൊള്ളയടിക്കാന്‍ കടല്‍കൊള്ള സംഘങ്ങളെ ഔദ്യോഗികമായിത്തന്നെ നിയമിച്ചു. പ്രൈവറ്റീര്‍,ബുക്കാനീര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട സംഘങ്ങള്‍ക്ക് സര്‍ ഫ്രാന്‍സിസ് ഡ്രേക്ക് , സര്‍ ജോണ്‍ ഹാക്കിന്‍സ്, സര്‍ വാള്‍ടര്‍ റാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെക്കേ അമേരിക്കയിലെ ദ്വീപുകളായിരുന്നു ഇവരുടെ ഒളിസ്ഥലം. കൊള്ളമുതന്‍ കൊണ്ട് സ്‌പെയ്‌നിനേക്കാള്‍ വലിയ കപ്പല്‍പ്പട ഇംഗ്ലണ്ട് പടുത്തുയര്‍ത്തി.
ബുക്കാനീറുകളില്‍ ചിലര്‍ സര്‍ വില്ല്യം കിഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സ്വയം തൊഴില്‍ ചെയ്യാനാരംഭിച്ചു. തൊഴിലില്‍ അതിസമര്‍ഥനായായിരുന്ന കിഡ് കപ്പല്‍ യാത്രക്കാരെ നടുക്കി. അവസാനം കിഡിനെ 1701 ല്‍ ബ്രിട്ടീഷുകാര്‍ പിടികൂടി തൂക്കിക്കൊന്നു.